അസ്ഥിത്തറ
Last updated: December 3, 2019
രാത്രിയുടെ ആറാം യാമത്തിൽ ഞാൻ ചുറ്റമ്പലങ്ങൾ കയറിയിറങ്ങി, ഒരു തീപ്പെട്ടിക്ക് വേണ്ടി, ചില്ലം ഒരു വട്ടം നിറക്കുവാനിത്തിരി കഞ്ചാവിനു വേണ്ടി, തൊണ്ടയിലിറ്റിക്കാനിത്തിരി റാക്കിനു വേണ്ടി. തിരിച്ചു നടക്കുമ്പോൾ ഞാൻ മനസിന്റെ അതിപുരാതനമായ ഏതോ ഇരുട്ടറയിൽ പ്രവേശിച്ചിരുന്നു. ആരാണു ഞാൻ എന്ന ചോദ്യം തലക്ക് ചുറ്റും വട്ടമിട്ടു പറന്നു. എന്റെ കയ്യിലേക്കും കാലുകളിലേക്കും സൂക്ഷിച്ച് നോക്കി. ഇടതു കാലിലെ മന്ത് ഓർമ്മകളെ സമ്മാനിച്ചു.
കരിങ്കല്ലിന്റെ ഉരുളകൾ ഉരുട്ടിയുരുട്ടി കുന്നിൻ മുകളിൽ കയറ്റിയ ശേഷം ചുടലപ്പറമ്പിലെ നെരിപ്പോടിനെ ഊതിയൂതി കത്തിച്ച് ചുറ്റും ആനന്ത നൃത്തമാടി റാക്കു കുടിച്ച് ദുർദേവതകളെയും രക്തരക്ഷസുകളെയും രാക്ഷസിമാരെയും ഒന്നും, ഒന്നിനെയും തെല്ലും ഭയമില്ലാതെ ചുടല ഭസ്മത്തിൽ നിർവൃതിയടയുന്നവൻ.
രവിയിലേക്കുള്ള വേഷപ്പകർച്ച ഇനിയും പൂർണ്ണത കൈവരിച്ചിട്ടില്ല. നാട്ടുകാരിൽ നിന്ന്, വീട്ട്കാരിൽ നിന്ന്, തന്റെ കഴിവുകളിൽ അഭിമാനിച്ചവരിൽ നിന്ന്,വെറുത്തവരിൽ നിന്ന്, തന്നെ പ്രണയിച്ചവളിൽനിന്ന്, അങ്ങനെ എല്ലാവരിൽനിന്നും അകന്ന് ഒരു വഴിയമ്പലം തേടുകയാണ് ഞാൻ. പലപ്പോഴും അല്ല എല്ലായിപ്പോഴും എന്റെ വഴിയമ്പലം തേടിയുള്ള യാത്ര പാതിവഴിയിൽ വെച്ചവസാനിക്കും. മൈമൂനയുടെ നീല ഞരമ്പുകളും കടലമുറുക്കിനായി കൈ നീട്ടുന്ന അപ്പുകിളിയും എന്നെ കാത്തിരിപ്പുണ്ടോ? ആവോ. എങ്കിലും എന്തോ ഒന്ന് എന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നു. ആ എന്തോ ഒന്ന് നടവയലിൽ നിന്ന് ഖസാക്കിലേക്കുള്ള ദൂരം ഇരട്ടിയാക്കിയിരിക്കുന്നു.
ഉന്തിയുന്തി മുകളിലെത്തിക്കാൻ നല്ല ഉരുണ്ട കല്ലുകളാണ് നല്ലത്. എങ്കിലും എനിക്ക് ഇഷം നല്ല ദംഷ്ട്രകളുള്ള രൂപഭംഗി ലവലേശമില്ലാത്ത കല്ലുകളാണ്. ഇന്നേവരെ എനിക്ക് അത്തരത്തിലുള്ളതല്ലാതെ മറ്റൊരെണ്ണം അന്യോഷിക്കേണ്ടി വന്നിട്ടില്ല. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എന്റെ ഈ തിരഞ്ഞെടുക്കലിനെപ്പറ്റി. ഞാൻ അവർക്കെന്നല്ല ആർക്കും മറുപടി കൊടുക്കാറില്ല. ദംഷ്ട്രകൾ മണ്ണിൽ കുത്തിയിരുത്തിയാൽ വിശ്രമ വേളകളിൽ എനിക്ക് ഉരുളൻ കല്ലിനെ താങ്ങി നിർത്തെണ്ട, സ്വസ്തമായി ചില്ലം നിറയെകഞ്ചാവ് നിറച്ച് പുകച്ചുരുളുകളെ അകത്താക്കാം, റാക്ക് വയറു നിറയെ മോന്താം, ദംഷ്ട്രകൾ കൊണ്ട് എനിക്ക് കാലിലെ മന്തിനെ വേദനിപ്പിക്കാം. പക്ഷെ ഇതൊന്നും ചോദിക്കുന്നവർക്ക് അറിയില്ലെന്നു വെച്ചാൽ ?
ഈ നാട് ഇത്രകണ്ട് ശാപഗ്രസ്തമോ? കരിങ്കല്ല് പോയിട്ട് ഒരു ചെറിയ വെള്ളാരം കല്ല് കാണാൻ പോലുമില്ലാത്ത ഈ നാട് ശാപഗ്രസ്തം തന്നെ. ഉരുളൻ കല്ലുകൾ പോലും കാണുന്നില്ല. സീതയും ശ്രീരാമനും പരിവാരങ്ങളും നടന്നു വലഞ്ഞ് നടന്നപ്പോൾ ദാഹജലവും ഇരുന്നു വിശ്രമിക്കാൻ ഒരു ഇരിപ്പിടം പോലും കൊടുക്കാത്ത നാടാണിത്.
ഇന്നു എന്റെ പതിവുകളൊന്നും നടക്കുമെന്നു തോന്നുന്നില്ല. ഒരു നനുത്ത കല്ല് പോലുമില്ലാത്ത നാടെ, എന്റെ പതിവുകളെ മറക്കേണ്ടി വന്നാൽ എന്റെ അന്ത്യമാണ്. പിന്നെ ഞാൻ ഇല്ല.
കോങ്ക്രീറ്റിന്റെ ഉരുളയോ ആ കാണുന്നത് ? അതെങ്കിൽ അത്. എന്റെ പതിവുകൾക്ക് മുടക്കം വരാതിരിക്കട്ടെ. നന്നേ ഭാരം കുറഞ്ഞ, നനുത്ത, ആ നിർജ്ജീവമായ വസ്തു കുരിശടിയും പിന്നിട്ട് മുന്നേറുമ്പോൾ, ഒരു, കണ്ണീരു കലർന്ന സുഗ്ന്ദം. മുകളിലേക്ക് കയറുംതോറും ഗന്ധത്തിന്റെ ആവൃത്തി ഏറി വരുന്നു. “ആരിരാംഗ്” ഗോത്രതാളം ഭൂവല്ക്കത്തിന്റെ മറ്റേതോ കോണിൽ മുഴങ്ങികേട്ടപ്പോൾ, അതിൽ ലയിച്ച്, പുക വിഴുങ്ങി, റാക്ക് കുടിക്കുവാൻ ഉൾവിളി വന്നു.
പുറം താങ്ങി, ഒരു വിധം ഞാൻ ഇരിക്കുമ്പോൾ, വീണ്ടും കണ്ണീരിന്റെ മണമുള്ള ആ ഗന്ധത്തെ കാറ്റ് ആവാഹിച്ച് എന്റെ അടുത്തെത്തിച്ചു. കുരിശിൽ ചവിട്ടുന്ന യക്ഷികളുടെ താവളമോ ഇവിടം? വരട്ടെ,ചോദിക്കണം എനിക്ക് രവിയിലേക്കൊരു വേഷപ്പകർച്ച.
മുകളിലേക്ക് കയറിപ്പോകും തോറും ആ സുഗന്ധം ഉച്ചസ്തായിലേക്ക് മൂർച്ചിക്കുന്നു. ഒരു വിധത്തിൽ മുകളിലെത്തിച്ച ശേഷം കണ്ണു തുറന്നു നോക്കിയപ്പോൾ ഞാൻ അല്ഭുതസ്തബ്ദ്നായ്പ്പോയി. എന്റെ കണ്മുൻപിലിതാ രാജാവിന്റെ പള്ളി. ജ്വരം പിടിപെട്ട നാളുകളിൽ ഞാൻ കഴിച്ച് കൂട്ടിയ രാജാവിന്റെ പള്ളി. അന്നു വന്നതിൽ പിന്നെ ഞാൻ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയതേ ഇല്ല. ഇവിടം എന്തേ ശ്മശാന ഭൂമി കണക്കെയിരിക്കുന്നത്. ഷേയ്ക്ക് തങ്ങളും വിഖ്യാതമായ കുതിരയും കളം വിട്ടുവോ? രാജാവിന്റെ പള്ളിക്കു ചുറ്റും അസ്ഥിത്തറകൾ കണ്ട് അതിൽ ഒന്നിന്റെ അടുത്തേക്ക് ഞാൻ ഇലകളും കമ്പുകളും പുല്ലുകളും വകഞ്ഞു മാറ്റി പാഞ്ഞ് അടുത്ത് ചെന്നു നോക്കിയപ്പോളാണ് ഒരു കാര്യം മനസിലായത്. അത് അസ്ഥിത്തറയല്ല. മറിച്ച് ജീവനുള്ള, ഉടലിനു മുകളിലേക്ക് ശരീരം അറത്ത് മാറ്റപ്പെട്ട, സുഗന്ധപൂരിതമായ രക്തം ചൊരിയുന്ന, മരണത്തിലേക്ക് വഴുതി വീഴാനൊരുമ്പെടുന്ന ഒരു മൃതപ്രാണനായ ആത്മാവ്.
വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റി, ദേവതാരുവിന്റെ ഇലകൾ, സ്വാമിനിയുടെ മുണ്ട്, ദേഹത്ത് ചുറ്റി, മൈമൂനയുടെ നീല ഞരമ്പുകൾ സ്വപ്നം കണ്ട്, വഴിയമ്പലം ലക്ഷ്യമാക്കി അവിടം വിടുമ്പോൾ, വിത്തുൽസവത്തിന്റെ പ്രധാന വേദിയിൽ നിന്ന് “ മരമൊരു വരമെന്ന് ” ഉച്ചഭാഷണികൾ തേങ്ങി.
ചിത്രങ്ങൾക്ക് കടപ്പാട് : ഡോ: ജോർജ്ജ് മാത്യു.
x-post from- http://nadavayal.tumblr.com/post/74372856564/%E0%B4%85%E0%B4%B8-%E0%B4%A5-%E0%B4%A4-%E0%B4%A4%E0%B4%B1