ചാമ്പ സ്വതന്ത്ര സിനിമ.
Last updated: December 3, 2019
നാം സമാന്തര സിനിമകളേക്കുറിച്ച് വളരേ കുറച്ച് മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂ എന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷമാണെന്ന് തോന്നുന്നു, യോദ്രോസ്കീസ് ഡ്യൂണ്‍ എന്ന ചിത്രത്തിന് ഒരു കുറിപ്പ് എഴുതിയിരുന്നു. അതിന് കാര്യമായ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ. ഈ അടുത്ത കാലത്ത് ഡോണിന്റെ ശവവും പ്രതാപിന്റെയും സനല്‍കുമാറിന്റെയും സുദേവന്റെയുമെല്ലാം സിനിമകള്‍ വര്‍ദ്ദിച്ച ആവേശത്തോടെ ചര്‍ച്ച ചെയ്യുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. സമാന്തര സിനിമകള്‍ക്ക് ഇത്തരത്തില്‍ വര്‍ധിച്ച പിന്തുണ ലഭിക്കുന്നത് കാണുമ്പോള്‍ ഒരിക്കല്‍ പാതിവഴിയില്‍ വെച്ച് ഉപേക്ഷിച്ച ഒരു സമാന്തര സിനിമാ സംരംഭത്തിന് പുതുജീവന്‍ നല്കാന് മനസിലൊരാശ. “ചാമ്പ സ്വതന്ത്ര സിനിമ” എന്നാണ് സംരംഭത്തിന്റെ പേര്. വിജ്ഞാനം സ്വതന്ത്ര ഉടമസ്ഥതയിലുള്ളതാണ് എന്ന് വിശ്വസിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍ ഉണ്ടായിരുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ഭൂരിഭാഗത്തിനും അറിയാമെന്നാണ് കരുതുന്നു. അതിനാലാണ് ഒറ്റ വരിയില്‍ ആമുഖം ചുരുക്കുന്നത്. ( ആവശ്യമെങ്കില്‍ മടിക്കാതെ എന്നോട് ചോദിക്കാം. ) സ്വതന്ത്ര സിനിമ എന്ന ആശയം ലോകത്തിന്റെ പല ഭാഗത്തും വിജയകരമായി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരോണ്‍ ഷ്വാര്‍ട്സിനെ ( ref: movie, Internet’s own boy ) പോലുള്ളവരുടെ പരിശ്രമഫലമായി ഇതിനാവശ്യമായ ക്രിയേറ്റീവ് കോമണ്‍സ് എന്ന പേരിലുള്ള ലൈസന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്. റീമിക്സ് കള്‍ച്ചര്‍ എന്ന ആശയധാര സര്‍ഗ്ഗ സൃഷ്ടികള്‍ നിര്‍മ്മിക്കുന്നവര്‍ക്കിടയില്‍ പ്രശസ്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, സംവിധായകന് ആഷിഖ് അബു, സിനിമയുടെ ഷൂട്ട് ചെയ്ത ഫൂട്ടേജുകള്‍ മുഴുവന്‍ സീനിമാ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് സ്വതന്ത്രമായി നല്‍കും എന്ന് പറഞ്ഞത് ഓര്‍മ്മയില്ലേ, അതില്‍ ചില്ലറ മാറ്റം വരുത്തിയാല്‍ റിമിക്സ് മാനിഫെസ്റ്റോയില്‍ പറഞ്ഞത് പോലെയായി. ചാമ്പ തുടങ്ങിയത് ബ്ലെണ്ടര് സ്വതന്ത്ര സിനിമകളെ അനുകരിച്ച്, ആനിമേഷന്‍ സിനിമകളെ മാത്രം ഉദ്ദേശിച്ചായിരുന്നു. ചാമ്പ വീണ്ടും പൂക്കുമ്പോള്‍, മുഖ്യധാരാ - സമാന്തര സിനിമകളെ കൂടി ഉള്‍ക്കൊള്ളിക്കാമെന്ന് എനിക്ക് തോന്നുന്നു. അതുവഴി ജോണ്‍ എബ്രഹാം കാണിച്ചു തന്ന, പൊതു ഉടമസ്ഥതയിലുള്ള, നല്ല സിനിമകള്‍ നിര്‍മ്മിക്കുവാനും പുനഃനിര്മ്മിക്കുവാനും പ്രദര്‍ശ്ശിപ്പിക്കുവാനും കഴിയും. നമ്മള് ഇപ്പോള്‍ മീമുകള്‍ ഉപയോഗിച്ച് ട്രോളുകള്‍ ഉണ്ടാക്കാറില്ലേ, അതുപോലെ സിനിമ സ്വതന്ത്രമാകുക വഴി, ലഭ്യമായ ഫൂട്ടേജുകള്‍ ഉപയോഗിച്ച് പുതിയ വീക്ഷണകോണിലൂടെ നോക്കുന്ന പുതിയ സിനിമകള്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും. ഇനി ആനിമേഷന്‍ സിനിമകളുടെ കാര്യമെടുത്താല്‍ മോഡല്‍, ടെക്സ്ച്ചര്‍, തുടങ്ങിയ പുനരുപയോഗപ്രദമായവ പൊതു ഉടമസ്ഥതയില്‍ ലഭിക്കുന്നു. ഒരു സംവിധായക സുഹ്രത്തിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഉള്‍ക്കൊണ്ടത് മറ്റൊരര്‍ത്ഥത്തിലാണ്. കേവലമൊരു സ്റ്റോക്ക് വീഡിയോ ലൈബ്രറിയാണെന്നാണ് അദ്ദെഹം കരുതുന്നത്. എന്നാല്‍ ചാമ്പ അതല്ല. സ്റ്റോക്ക് വീഡിയോ ലൈബ്രറി ഇതിന്റെ ഭാഗമാണ് താനും. ഒരു സുഹ്രത്തിനോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വെയറില് അധിഷ്ഠിതമായ, ചെറിയ വര്‍ക്ക്ഷോപ്പുകളും മറ്റും സംഘടിപ്പിച്ചുകൊണ്ട് സംരംഭം തുടങ്ങാനാണ് നിര്‍ദ്ദേശിച്ചത്. ഒരിക്കല്‍, തുടങ്ങി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സിനിമാ മേഖലയിലുള്ളവരുടെ പിന്തുണയില്ലാത്തതിനാല്‍ നിര്‍ത്തിയ സംരംഭമായതിനാല്‍ തുടങ്ങാന്‍ ഒരു മടി. ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു സിനിമാ സംരംഭം നമുക്ക് തൂടങ്ങിയാലോ ?
റെഫറന്‍സില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വിധമെല്ലാം വിവരിക്കുന്നുണ്ട്.
ref :
- https://www.facebook.com/groups/CINEMAPARADISOCLUB/permalink/1939927386081452/
- https://www.facebook.com/groups/CINEMAPARADISOCLUB/permalink/1635205236553670/
- https://www.facebook.com/groups/CINEMAPARADISOCLUB/permalink/1854796244594567/
- http://udayindia.in/2011/08/06/free-culture-for-a-free-society/
- http://www.techdrivein.com/2010/11/chamba-swathanthra-cinema-indias-first.html
- http://smashingweb.info/chamba-swathanthra-cinema-indias-first-open-movie-from-kerala/
- http://ssug-malappuram.freelists.narkive.com/qE5i9JqX/fsug-tvm-chamba-swathanthra-cinema-meeting
- http://www.be.pledgebank.com/chambaproject
- https://web.archive.org/web/20130405082100/http://www.chambaproject.in