I Know That Feel Bro
Last updated: December 4, 2019
This is written by Bipindas and I am crosspostng this for my friends who are not in Facebook. If you are citing this link, Please give attribution to his work, which can be originally found at https://www.facebook.com/bibindased/posts/2917288688315601
“നീ കേട്ടിട്ടില്ലേ, തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെടാ !!”
“എന്നാരാ പറഞ്ഞേ ?”
“ഏതോ വല്ല്യ ചിന്തകനോ മറ്റോ ആണ്, ഒലക്ക, അങ്ങേരുടെ പേരൊന്നും അറീല്യ”
“ആളിപ്പോ ജീവിച്ചിരിപ്പുണ്ടോ ?”
“ഏയ് എവിടെ, പഴേ ആളാടോ, മരിച്ചുപോയിക്കാണും”
“നന്നായി, ഇല്ലേൽ ഞാൻ കൊന്നേനെ !!”
“എന്തിനു ?”
പറയാം, വലിയ കഥയാണ്. തോൽവികൾ ഒരുകാലത്തും വിജയത്തിലേക്കുള്ള ചവിട്ടുപടികൾ വെളിപ്പെടുത്തി തന്നിട്ടില്ലാത്ത, പരാജയങ്ങളിൽ നിന്നും അതിലും അതിദയനീയ പരാജയങ്ങളിലേക്ക് നയിക്കപ്പെട്ട്, ആശയറ്റ് പിന്മാറിയവന്റെ കഥ. തിരഞ്ഞെടുപ്പുകളുടെ ചരിത്രപുസ്തകങ്ങളിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ലാത്ത, എന്നാൽ പ്ലാറ്റിനം ലിപികളിൽ കോറിയിടേണ്ട കഥകളിലൊന്ന്.
സ്വന്തം കൂട്ടത്തിൽ അംഗീകരിക്കപ്പെടാനും അവർക്കിടയിൽ പ്രബലമായ സ്ഥാനം നേടിയെടുക്കാനുമുള്ള നമ്മുടെ ചോദനകൾക്ക് ആദിമമനുഷ്യനോളം തന്നെ പ്രായമുണ്ടെന്നു നരവംശശാസ്ത്രം തെളിവ് നിരത്തുന്നു. തൻ്റെ സംഘത്തിൽ സ്വീകാര്യനാകാനും അവരെ നയിക്കാനുമുള്ള അവൻ്റെ ഇച്ഛയ്ക്ക് ഗുഹാവാസികളായ പൗരാണികപൂർവ്വികരോളം തന്നെ പഴക്കമുണ്ടത്രേ. നേതൃത്വ തത്പരത എന്നൊക്കെ വിളിക്കപ്പെടുന്ന, പലരിലും ഏറിയും കുറഞ്ഞുമിരിക്കുന്ന ഈ സഹജമായ ജനിതകസ്വഭാവത്തിൻ്റെ ഉൾപ്രേരണകളെ അവഗണിക്കാനും, പെരുത്ത സൗഹൃദസമ്മർദ്ദങ്ങളെ അതിജീവിക്കാനും ആ പത്തുവയസ്സുകാരന് സാധിക്കാതിരുന്നത് തികച്ചും സ്വാഭാവികമെന്നേ കരുതേണ്ടതുള്ളൂ,
അല്ലെങ്കിൽ, പിറകിൽ നിന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ നിരയിലെ ബെഞ്ചിലിരുന്ന് പൂജ്യം വെട്ടിക്കളിച്ചിരുന്ന ഞാനെന്തിനിത് പറയണം ?
“ടീച്ചർ, എനിക്കും മത്സരിക്കണം”
“ആഹാ, നിൻ്റെ പേരെന്താ ?”
“ങ്ങേ ?!!”
ക്ലാസ് ടീച്ചർക്ക് പോലും പേരോർമ്മ കിട്ടാത്ത, അപ്രശസ്തനും അപ്രമുഖനായ ഞാനുമുണ്ട് സ്കൂൾ പാർലമെന്റ് മത്സരരംഗത്ത്..!!
കനത്ത കുത്തിത്തിരുപ്പ് കേറ്റിവിട്ട സഹബെഞ്ചന്മാർക്കും, ഉച്ചക്കഞ്ഞിയുടെ ബാക്കി കളയാൻ പോകുന്നിടത്തെ കുറച്ചു പൂച്ചകൾക്കുമൊഴിച്ച് അപരിചിതനായ എനിക്ക് ആരോട്ട് ചെയ്യാൻ..??
ആദ്യ തിരഞ്ഞെടുപ്പ് ഫലം വരുന്നു,
തീർത്തും സ്വാഭാവികം, എന്താ അവിടെ സംഭവിച്ചത് എന്ന് പോലും മനസ്സിലാകാത്ത തരത്തിൽ നിലം തൊടാതെ ഞാൻ പൊട്ടിപ്പൊളിഞ്ഞു വശത്തൊടുങ്ങി..!!
ആ പോട്ടേ, തുടങ്ങിയിട്ടല്ലേയുള്ളൂ ?
മത്സരപരിചയമില്ലാത്ത, വോട്ട് രാഷ്ട്രീയത്തിൻ്റെ മനഃശാസ്ത്രപാഠങ്ങളിൽ വേണ്ടത്ര ഗ്രാഹ്യമില്ലാത്ത, അൺപ്രൊഫഷണൽ ആയ ഒരു അരങ്ങേറ്റക്കാരനെ സംബന്ധിച്ച് അനിവാര്യമായ പരാജയം.
എന്നിരുന്നാലും, തോൽക്കുന്നവരെയടക്കം ഭരണത്തചക്രത്തിൽ ഉൾക്കൊള്ളുന്ന തരത്തിൽ വളരെ പുരോഗമനപരമായ ആശയാടിത്തറയിലാണ് സ്കൂൾ മന്ത്രിസഭാ വ്യവസ്ഥ വിഭാവനം ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്നവൻ പ്രധാനമന്ത്രിയാകുമ്പോൾ പിറകിൽ കിതച്ചെത്തുന്നവരെപ്പിടിച്ച് വിവിധ വകുപ്പ് മന്ത്രിമാരാക്കി ആശ്വസിപ്പിക്കും. പൊതുവേ കാണപ്പെടുന്ന കലാ - കായിക - സാഹിത്യ വകുപ്പുകൾക്ക് പുറമേ പൂന്തോട്ടം, അച്ചടക്കം, വൃത്തി തുടങ്ങിയ അതി നൂതന വകുപ്പുകൾ ഇങ്ങിനെ തോൽക്കുന്നവർക്ക് സമാശ്വാസ സമ്മാനമായി നൽകാൻ ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യ സംഘട്ടനത്തിലെ പരാജയവ്യസനനിവൃത്തിക്ക് വൃത്തിവകുപ്പാണ് എനിക്ക് ചാർത്തിക്കിട്ടിയത്.
വൃത്തിവകുപ്പ് ? എനിക്ക് ? വളരെ നന്നായി, മികച്ച തീരുമാനം..!!
ചുമതലകൾ നിസ്സാരമാണ്. ദിവസവും എല്ലാ ക്ലാസ്സ് മുറികളുടെയും വരാന്തകളുടെയും മറ്റും വൃത്തി പരിശോധിക്കുക, വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുക, ഏറ്റവും വൃത്തിയായി പരിപാലിക്കപ്പെടുന്ന പരിസരങ്ങൾ തിരിച്ചറിയുക, മാർക്ക് നൽകുക, ആഴ്ച തോറും മാർക്ക് ക്രോഡീകരിച്ച് അധികൃതർക്ക് റിപ്പോർട്ട് നല്കുക.
ഇങ്ങിനെ ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ക്ലാസ്സിനു തുടർന്നു വരുന്ന ആഴ്ചയിലെ ആദ്യത്തെ അസ്സംബ്ലിയിൽ വെച്ച് “വൃത്തിപതാക” പുരസ്കൃതമാകും. ഇതിങ്ങിനെ തുടരും. അച്ചടക്കത്തിനുമുണ്ട് ഇത്തരത്തിൽ “അച്ചടക്കപതാക” വിതരണം. ആ ഒരുവാരക്കാലം സമ്മാനാർഹമായ ക്ലാസ്സിലെ അധ്യാപികയുടെ (പകൻമാരില്ല) മേശപ്പുറത്താ ചെറിയ കൊടിമരം വിരാജിക്കും. കാറ്റിലങ്ങിനെ പാറിപ്പറക്കുന്ന പതാകയിൽ കണ്ണുംനട്ട് വിദ്യാർത്ഥികൾ അവരുടെ വൃത്തിയും അച്ചടക്കവും ഒക്കെ ഓർത്ത് അഭിമാനത്താൽ പുളകിതരാകും. എന്ത് വില കൊടുത്തും അടുത്താഴ്ചയാ പതാകകൾ സ്വന്തം മേശപ്പുറത്തെത്തിക്കാൻ മറ്റുള്ള ക്ലാസുകൾ മത്സരിക്കും. എന്തോ ഒരു രസം..!!
വൃത്തി എങ്ങിനെ പരിശോധിക്കാം ? നിലത്തെ പൊടിയുടെ സാന്ദ്രതയും ബെഞ്ചുകൾക്കടിയിൽ ചുരുട്ടികൂട്ടിയിട്ട കടലാസ്സുകഷ്ടങ്ങളുടെ എണ്ണവുമൊക്കെയാണ് പ്രധാന മാനദണ്ഡം. ക്ലാസ്സ് മുറികൾ കുട്ടികളാൽ നിറയുന്നതിനു മുൻപേ പരിശോധന നടത്തണമെന്നാണ് അനുശാസനം. കൃത്യനിഷ്ഠത ജന്മസിദ്ധമായോണ്ട്, ഞാൻ സ്കൂളിൽ എത്തുന്ന സമയത്തേക്ക് ക്ലാസ്സുകളെല്ലാം നിറഞ്ഞുതുളുമ്പിയിട്ടുണ്ടാകും, നിലം പരിശോധന ആയവസ്ഥയിൽ ഒട്ടും പ്രായോഗികവും ആരോഗ്യകരവുമല്ല..!! ആത്മാഭിമാനവും ഒത്ത പ്രതികരണവൈഭവമുള്ള അഭിനവകേരളസ്ത്രീയുടെ ചെറുപതിപ്പുകളാണ് മുട്ടൊപ്പമെത്തുന്ന യൂണിഫോം അരപ്പാവാടയും ഇട്ടോണ്ട് അധികവും സ്ഥാനമുറപ്പിട്ടുണ്ടാകുക, വൃത്തി പരിശോധിക്കാൻ ബെഞ്ചിനടിയിലേക്ക് കുനിഞ്ഞു നോക്കേണ്ട താമസേയുള്ളൂ, വൃത്തിമന്ത്രിയെന്നുള്ള പരിഗണന പോലുമില്ലാതെ വൃത്തിയായിട്ട് കിട്ടും..!!
അത് ബുദ്ധിയല്ല..!! നമ്മളായിട്ടെന്തിന് മനോരമയ്ക്ക് അരക്കോളം വ്യക്തിഹത്യാവാർത്തയ്ക്ക് വകയൊരുക്കണം..??
കൂടുതൽ സുരക്ഷിതവും ശാസ്ത്രീയവുമായ മാർഗം ക്ലാസ്സുകൾക്കകത്ത് പ്രവേശിക്കാതെ തന്നെ ജനാലകളുടെയും മറ്റും വൃത്തിനിർണ്ണയത്തിലൂടെ ഒരു നിഗമനത്തിലെത്തുകയാണ്. മുൻഗാമികളായ വൃത്തിമന്ത്രിമാരും പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതേ രീതിയാണ്. ചിരിയുണർത്തുന്ന ഓർമ്മകളാണ്, നോട്ട്ബുക്കിലെ അവസാന പേജും തുറന്നു പിടിച്ച് ഇല്ലാത്ത ഗൗരവം മുഖത്ത് വരഞ്ഞിട്ട് വരാന്തകളിലൂടെ ഒരു നടത്തമുണ്ട്, വേണ്ടത്ര ബഹുമാനം കിട്ടുന്നില്ലേയെന്നു ഉറപ്പ് വരുത്താൻ ക്ലാസ്സിനകത്തേക്കൊരു ഒളിഞ്ഞൊരു നോട്ടമിട്ട്, ചൂണ്ടുവിരൽ കൊണ്ട് ജനലിൻ്റെ അരികുകളിലൂടെ നീട്ടിയൊരു വരയാണ്, വിരലിൽ പറ്റുന്ന അഴുക്കിൻ്റെ ആഴം ഫോറൻസിക് വിദഗ്ദ്ധരെപ്പോലും വെല്ലുന്നവണ്ണം നഗ്നനേത്രങ്ങൾ കൊണ്ട് പരിശോധിച്ച് സെക്കൻഡുകൾ കൊണ്ട് വിലയിരുത്തും, മാർക്കിടും. കൈയ്യിൽ പൊടി പരണ്ടാലും ഇല്ലേലും അടുത്ത ജനലിലേക്ക് നടക്കുന്നതിനു മുൻപ് ജനലിലൂടെ എന്നെ ചൂഴ്ന്നു നോക്കുന്ന കണ്ണുകളിലേക്ക് ചെറിയ പുച്ഛത്തോടെ ഒരു ചോദ്യം തിരിച്ചെറിയും, പ്രിവിലേജ് എടുക്കും,
“എന്തോന്നെടേയ് ? മനുഷ്യനായാൽ കുറച്ച് വൃത്തിയൊക്കെ വേണ്ടേ ??”
ഞാൻ സ്ഥിരമായി “വര”യ്ക്കാറുള്ള ജനലുകൾ മാത്രം തുടച്ചുവൃത്തിയാക്കിവെച്ച് അലങ്കോലമായിക്കിടന്ന ക്ലാസ്സുകൾ വൃത്തിപതാക നേടി ഞാൻ പലതവണ കബളിക്കപ്പെട്ടുവെങ്കിലും, കഷ്ടപ്പെട്ട് തോറ്റ് നേടിയ പദവിയോട് ആവുന്നവണ്ണം നീതി പുലർത്താൻ ശ്രമിച്ചുവെന്ന ചാരിതാര്ഥ്യമുണ്ട്.
തീരെ മതിപ്പില്ലാതിരുന്നത് അമ്മയ്ക്ക് മാത്രമാണ്,
“ഒരു വൃത്തിമന്ത്രി.! ശേ, ഇന്നെങ്കിലും കുളിച്ചിട്ട് പോടാ”
ഓഹ്, അൾട്ടിമേറ്റ് ശോകം..
കർത്തവ്യനിർവഹണത്തിന് സ്വയം മറന്നിറങ്ങിയതാണെന്നു എങ്ങിനെ പറഞ്ഞു മനസ്സിലാക്കാൻ..??
പതാകകൾ സാക്ഷി..!!
കാലം നീങ്ങി, ക്ലാസ്സുകൾ കയറി ഏഴാം ക്ലാസ് എത്തുമ്പോഴേക്കും ഞങ്ങൾ ആറു പേരായി ക്ലാസ്സിലെ പുരുഷപ്രജകൾ ചുരുങ്ങിക്കഴിഞ്ഞിരുന്നു (സ്ത്രീജനങ്ങൾ നാല്പതിനും മുകളിലാണ്). തിരിച്ചൊഴുക്കിലും കൊഴിഞ്ഞുപോക്കിലും പെടാതെ പണ്ടേ ചേർത്തുപിടിച്ചു നിന്നവരാണ്, അംഗബലം കുറവാണ്, സംഘത്തിന്റെ അധീശത്വം സ്കൂൾ മതിലുകൾക്കുള്ളിൽ അരക്കിട്ടുറപ്പിക്കാൻ ഭരണപ്രാതിനിധ്യം അത്യാവശ്യം തന്നെ, അക്കൊല്ലവും വിജ്ഞാപനമിറങ്ങി.
“നീ നിന്നാ മതി”
“അതെന്താ ?”
“നിനക്കാവുമ്പോ മുൻപ് തോറ്റ് എക്സ്പീരിയൻസ് ഉണ്ടല്ലാ ?”
“ങ്ങേ ?”
“അതല്ല, പകരം വീട്ടണ്ടേന്ന് !”
“വേണാ ?”
“വേണം !”
അങ്ങിനെ രണ്ടാമങ്കത്തിന് കച്ചകെട്ടിയിറങ്ങുകയാണ്. മുൻപത്തേതിലും പ്രതീക്ഷ അല്പം ഉയർന്നിട്ടുമുണ്ട്. എങ്ങിനെ ഉയരാതിരിക്കും ? വൃത്തിമന്ത്രിയായി അസാമാന്യ പ്രകടനമല്ലേ കാഴ്ചവെച്ചത് ? അത് തികച്ചും അവഗണിക്കാൻ പ്രബുദ്ധരായ വോട്ടർമാർക്ക് സാധിക്കുമെന്ന് കരുതുക വയ്യ.
നാമനിർദേശവും വോട്ടിങ്ങും എണ്ണലുമെല്ലാം തകൃതിയയായി നടന്നു. ഇത്തവണയും വല്ല്യ മെച്ചമുണ്ടായില്ല. തളിർത്തു വന്ന പ്രതീക്ഷയുടെ നാമ്പുകൾ വേരോടെ വലിച്ചുപറിച്ചവര് ബാലറ്റ് പെട്ടിയിലിട്ടടച്ച് തെക്കുമാറി മണ്ണിട്ട് മൂടിയൊരു ചന്ദനത്തിരിയും കത്തിച്ചുവെച്ചു.!
പുരോഗതിയില്ലെന്നു തീർത്തു പറയാനാകില്ല, തോൽവിയുടെ ആഘാതത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. ആരും വിളിച്ചു ചേർക്കാതെ തന്നെ അവലോകന യോഗം ചുറ്റും ചേർന്നു, എനിക്ക് വോട്ട് ചെയ്തെന്നു അവകാശപ്പെട്ടവരെല്ലാം ആശ്വസിപ്പിക്കാൻ എത്തിയിരുന്നു, അവർക്കിരിക്കാൻ രണ്ട് ബെഞ്ച് ധാരാളം..!
ആരോ ചർച്ചയ്ക്ക് തുടക്കമിട്ടു,
“ന്നാലും എന്താ പറ്റീത് ?”
മത്സരിക്കാൻ ഏറ്റവും എരിവ് കേറ്റിവിട്ടവൻ തന്നെ ആദ്യനിരീക്ഷണം പങ്കുവെച്ചു,
“ജയിച്ചത് ഡിക്സണാ, മുടിഞ്ഞ ഗ്ലാമറാ ചെക്കന്, പെമ്പിള്ളേരെല്ലാം ഓന് കുത്തിക്കാണും, ഇവനിപ്പോ..”
മതി നിങ്ങടെ കോണാത്തിലെ ചർച്ച..
“ഒന്ന് തോറ്റിട്ടിപ്പോ ഒരു മണിക്കൂർ പോലും തികഞ്ഞിട്ടില്ലല്ലോ, വീണ്ടും തോൽപ്പിക്കല്ലേടാ ദുഷ്ടന്മാരേ, എണീറ്റ് പോ അവിടുന്ന്. ഞാനല്ലേ തോറ്റത്? ഞാൻ സഹിച്ചോളാം.”
തിരിച്ചടികൾ അവിടെയും തീരുന്നില്ല എന്നതാണ് ഏറ്റവും ദയനീയം. ഉച്ച കഴിഞ്ഞു മന്ത്രിസഭാ രൂപീകരണയോഗം സ്റ്റാഫ് റൂമിൽ വിളിച്ചു ചേർത്തിട്ടുണ്ട്. മനസ്സില്ലെങ്കിലും പോയല്ലേ തീരൂ? തോറ്റവരുടെ വികാരങ്ങൾക്ക് വില തന്ന കഥകൾ ചരിത്രത്തിലടക്കം വിരളമല്ലേ?, എന്നാലും പോകണം. നിർവികാരമായി പോയിട്ട് സമാശ്വാസ സമ്മാനം മേടിച്ചിട്ട് വരാമെന്നാണ് കരുതിയത്, പക്ഷെ, കിട്ടിയ വകുപ്പ് ഏറ്റെടുക്കുന്നേന് ദുരിതാശ്വാസസഹായം സ്കൂൾ വേറെ പ്രഖ്യാപിക്കണം.
ടീച്ചർമ്മാർ അടക്കം പറഞ്ഞു തീരുമാനിച്ചു,
“ഏഴാം ക്ലാസ്സല്ലേ, ഇവൻ കഞ്ഞിമന്ത്രിയാകട്ടെ”
ഞാൻ കേട്ടത് തെറ്റിയതാകും, തിരുത്താം..
“കന്നിയല്ല ടീച്ചറെ, കഴിഞ്ഞ വട്ടം തോറ്റപ്പോ ഒരു തവണ ആയതാ”
“കന്നിയല്ല മോനേ, കഞ്ഞി കഞ്ഞി, കഞ്ഞിമന്ത്രി”
“ങ്ങേ, കഞ്ഞിമന്ത്രിയാ ?”
അതേ, അങ്ങനേം ഒരു വകുപ്പ് സ്കൂൾ ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ട്. ഉച്ചക്കഞ്ഞിവിതരണത്തിന്റെയും മറ്റും മേൽനോട്ടമാണ് പണി, “കഞ്ഞിവകുപ്പ്”. സ്കൂൾ ഭക്ഷണവിതരണത്തിൽ കഞ്ഞിയും പയറും മാത്രമുള്ള കാലത്താ വകുപ്പിന് പിന്നെന്ത് പേരിടാൻ ?
ചോരയൊട്ടാകെ വറ്റി. എനിക്കിറങ്ങിയോടാൻ തോന്നി. എൻ്റെ അസ്വസ്ഥത ശ്രദ്ധിച്ചിട്ടോ മറ്റോ ആകണം, മീറ്റിംഗ് കഴിഞ്ഞു സിസ്റ്റർ മാറ്റി നിർത്തി ചേർത്തുപിടിച്ചു,
“പോട്ടെടാ, ഇതൊക്കെ എന്താ ഇത്ര വല്യ കാര്യക്കാൻ ? കഴിഞ്ഞത് കഴിഞ്ഞു, അത് വിട്. കിട്ടിയ ചുമതല നിറവേറ്റുന്നതിലാണ് മിടുക്ക്”
ഉള്ളിലെ ഇരമ്പൽ പെട്ടെന്നങ്ങിനെ തുറന്നുവിടാൻ ആത്മാഭിമാനം സമ്മതിച്ചില്ല, വേണ്ടത്ര മനഃസാന്നിധ്യം വരിച്ചു, മസില് പിടിച്ചുവലിച്ചുകേറ്റി,
“ഏയ് എനിക്കെന്ത് പ്രശ്നം ? അതിരിക്കട്ടെ സിസ്റ്റർ, അതുല്യവും സമ്പന്നവും ബൃഹത്തരവുമായ പാരമ്പര്യം പേറുന്ന ഈ വിദ്യാലയത്തിലെ സ്ഥാപിതമായ നിയമം വഴി തിരഞ്ഞെടുക്കപ്പെട്ട “കഞ്ഞിമന്ത്രി” എന്ന നിലയ്ക്ക് എന്നിലർപ്പിതമായ കർത്തവ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ?”
“എന്തോന്നു ?? അത്രേം ഓവർ ആക്കാനൊന്നുമില്ല, എല്ലാ ദിവസോം ഓരോരോ ക്ലാസ്സീന്നു ഒരു നാലഞ്ച് പിള്ളേരേം വിളിച്ച് കഞ്ഞിപ്പുരയിൽ പോയി ഭക്ഷണം എടുത്ത് കൊണ്ട് വന്നു ഉച്ചക്കഞ്ഞി കഴിക്കുന്ന കുട്ടികൾക്ക് വിളമ്പുക. അത്രേള്ളൂ”
“ഇയ്യോ, എല്ലാ ദിവസോം ഞാൻ പോണോ ? ഓരോ ക്ലാസ്സുകൾക്ക് ജോലി ഏല്പിച്ചാപ്പോരേ ?”
“പിന്നേ, പോണം പോണം. സഹായത്തിനു പിള്ളേരെ വിളിക്കുന്നത് വെവ്വേറെ ക്ലാസ്സീന്നു ആയിക്കോട്ടെ, നീയെന്നും ചെല്ലണം. വിളമ്പിക്കഴിഞ്ഞു ബക്കറ്റ് കഴുകി കഞ്ഞിപ്പുരേല് തന്നെ തിരിച്ചുവെച്ചിട്ടേ വരാവൂ”
“ങ്ങേ ? കഴുകീം വെക്കണാ ?”
“പിന്നെ വേണ്ടേ ? കഞ്ഞിപ്പശ ഉണങ്ങിപ്പിടിച്ചാപ്പിന്നെ കഴുകാൻ പാടാവും”
ഞാൻ ഹതാശനായി ഉണങ്ങിപ്പിടിച്ചിരിക്കുന്നതൊന്നും നിങ്ങൾക്കൊരു വിഷയമല്ലല്ലോ അല്ലേ? ഹൃദയം പിന്നെയും ഘനപ്പെട്ടു, അടക്കി വെച്ച നീർച്ചാലുകൾ തടയണകൾ തകർത്തൊഴുക്കാൻ വെമ്പി, ഞാൻ ചുമരിനോട് ചേർന്നു. രക്ഷപ്പെടാനുള്ള അവസാന പഴുത് മനസ്സെവിടുന്നോ പൊക്കിക്കൊണ്ട് വന്നു,
“സിസ്റ്ററെ, വേറൊരു പ്രശ്നോണ്ട്. ഞാനെപ്പഴാ കഞ്ഞി കുടിക്ക്യാ ?”
“നീയുച്ചക്കഞ്ഞിയാണോ കുടിക്കണേ ?”
പിന്നെയിവിടെ ഉച്ചയ്ക്ക് കോഴിബിരിയാണി ആണോ കൊടുക്കണേന്നു ചോദിക്കണം എന്നുണ്ടായിരുന്നു, വേണ്ട, എൻ്റെ ആവശ്യമാണ്, സംയമനം പാലിക്കണം.! ഞാൻ മുഖത്തു ദൈന്യത പിന്നേം അരയിഞ്ച് കനത്തിൽ വാരിവിതറിപ്പറഞ്ഞു,
“ഞാനും ഉച്ചയ്ക്ക് ഇവിടുന്ന് കഞ്ഞിയാ കുടിക്കണേ സിസ്റ്റർ”
“കൊള്ളാം മോനേ, നീയാണ് ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ. വിശന്ന് വന്നു കഴിക്കാനിരിക്കുന്നവർക്ക് അന്നം നൽകി ഏറ്റവും അവസാനം കഴിക്കുന്നവനാണ് അവരെ നയിക്കാൻ പാകപ്പെട്ടവൻ. സഹജീവികളുടെ അതേ സൗകര്യങ്ങളിൽ ജീവിച്ച്, അവർക്കുള്ള ഓഹരി കൃത്യമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഉറപ്പിവരുത്തിയശേഷം മാത്രം തൻ്റെ വിഹിതം സ്വീകരിക്കുന്നവനേക്കാൾ ശ്രേഷ്ഠനായ ഭരണാധികാരി വേറെ ആരാണ് ? നിങ്ങൾക്കവസാനം ആ തൃപ്തിയോടെ കഴിക്കാലോ ?”
ഏതോ ബൈബിൾ വചനങ്ങളിൽ ലൈറ്റ് ഭേദഗതി വരുത്തി സിസ്റ്റർ വളരെ നൈസായിട്ട് എൻ്റെ ബലഹീനത ചൂഷണം ചെയ്ത് സ്കോർ ചെയ്തു. പരാജയഭാരത്താലും, നിയുക്ത പദവിയുടെ പകിട്ടില്ലായ്മയിലും, സർവ്വോപരി ഈ പറഞ്ഞുകേട്ട ജോലിഭാരവും ഒക്കെ ചിന്തിച്ച്, ഡിപ്രഷനടിച്ച് വിങ്ങിപ്പൊട്ടി നിന്നെയെനിക്ക് സിസ്റ്ററുടെ വാക്കുകൾ നവോന്മേഷം പകർന്നു, സ്തോത്രം..!!
ചിന്തയാകെ മാറി, ആ നേരം ആദ്യമായും അവസാനമായും ഞാനെന്റെ പദവിയിൽ ഊറ്റം കൊണ്ടു. ദൗത്യബോധവും ദാർഢ്യവും എവിടുന്നോ വന്ന് സിരകളിൽ പ്രസരിച്ചൊഴുകി നിമിഷനേരം കൊണ്ട് നുരഞ്ഞുപൊന്തി. ഞാൻ അത്യധികം ഊർജ്ജസ്വലത വീണ്ടെടുത്തു,
“ഓക്കെ സിസ്റ്റർ ദാറ്റ്സ് ടോട്ടലി കൂൾ, ഐ ആം ഗെയിം, ഷോ മി ദി കഞ്ഞിപ്പൊര റൈറ്റ് നൗ”
“ങ്ങേ, അത്രേം ആവേശം ഒന്നും വേണ്ട, ഒരു മയത്തിലൊക്കെ മതി. ഈ ആഴ്ചത്തേക്കുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്. അടുത്താഴ്ച മുതൽ നോക്കിയാമതീട്ടാ”
“ഡൺ”
ആവേശത്തിന് അല്പായുസ്സായിരുന്നു, കാര്യഗതികൾ കരുതിയിരുന്നേലും അപകടം പിടിച്ചതായിരുന്നു. അങ്ങു വടക്കുകിഴക്കൻ മലനിരകളിലെവിടെയോ സ്ഥിതിചെയ്യുന്ന കഞ്ഞിപ്പുരേന്നു രണ്ട് നിറഞ്ഞ അലൂമിനിയം ബക്കറ്റ് ചുമന്നു താഴെ എത്തുമ്പോഴേക്കും മനുഷ്യായുസ്സിന്റെ പകുതി തീരും, അണച്ചു മടുക്കും, എന്നാലും ഒരിത്തിരി കുടിക്കാൻ പറ്റുമോ ?? ങേഹെ !!
വിശന്നുകത്തി, കൊതികൂടി വയറിരമ്പി, വിളമ്പിത്തീർത്തു ഓടാനുള്ള ശ്രമങ്ങൾക്കിടയിലും പിൻവിളികൾ വരും,
“കൂയ്, ഇവിടെ കഞ്ഞി”
ബക്കറ്റോടെ എടുത്തവന്റെ തലയിൽ കമിഴ്ത്താൻ തോന്നും. ക്ഷമ വരിച്ച് കഞ്ഞി പകരും,
“മതിയോ ?”
“നിക്കട്ടെ, പറയാം”
“ഇപ്പൊത്തന്നെ ഒന്നു ഗണിച്ചു പറയുവോ, വൈകി”
“ഇത് കുടിക്കട്ടെ, പറയാന്നു പറഞ്ഞില്ലേ ?”
“ഓ, അവിടുത്തെ ഇഷ്ടം”
അവസ്ഥ!
കഞ്ഞി തീർന്നുപോയി പട്ടിണിയായ കഥകൾ വേറെ. ആകെ ഒരു മെച്ചം ഉച്ചയ്ക്ക് ക്ലാസ് പിരിയുന്നതിനു പത്തുപതിനഞ്ച് മിനിറ്റ് മുമ്പ് ക്ലാസ്സീന്നു ഇറങ്ങാമെന്നതാണ്. വേറെ ക്ലാസ്സിൽ പോയി ചെറിയ “ഷോ”യും കാണിക്കാം,
“ടീച്ചറെ കഞ്ഞി വിളമ്പാൻ ഒരു നാലഞ്ച് പിള്ളേരെ വേണല്ലോ”
“ഓ, നല്ലത് നോക്കി എടുത്തോ”
ജോലിയിൽ ആസ്വാദ്യകരമായിട്ട് ആ ഒരു ഭാഗമേയുള്ളൂ. കഞ്ഞിപ്പൊരേല് പോലും ആർഹ്യമായ പരിഗണന ഒരുകാലത്തും ലഭിച്ചിട്ടില്ല. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നതും എൻ്റെ ഉത്തരവാദിത്തപരിധിയിൽ വരുമെന്ന അബദ്ധധാരണയിൽ ഒരിക്കൽ കഞ്ഞിയുടെ വേവ് നോക്കി “കഞ്ഞിച്ചേച്ചി”യോട് ഒരു എളിയ അഭിപ്രായം പങ്കുവെച്ചു,
“ചേച്ച്യേ, വേവ് കുറവാട്ടോ, ഉപ്പും കൂടീട്ടുണ്ട്”
“ചെലയ്ക്കാണ്ട് എടുത്തോണ്ട് പോയി വിളമ്പി കൊടുക്കെടാ, വല്യ വർത്താനം പറയാൻ നിൽക്കണ്ട”
“വൗ”
ഇതിൽപരം അധിക്ഷേപം ഒരു മന്ത്രിക്കെന്ത് ? സ്വന്തം അധികാര പരിധിയിൽ വരുന്ന ഏക സ്ഥാപനം കഞ്ഞിപ്പുരയാണ്, അവിടെപ്പോലും നിയന്ത്രണം? വേണ്ട ! പോട്ടെ, ഏറ്റവും കുറഞ്ഞത് അഭിപ്രായസ്വാതന്ത്ര്യം പോലും ഇല്ലെങ്കിൽ പിന്നെ എന്തിന് ?
അവിടുന്നൊരു കഞ്ഞിത്തവി എടുത്ത് ഹെഡ്മിസ്ട്രസിന്റെ മേശപ്പുറത്തു വെച്ച്,
“മടുത്തു സിസ്റ്റർ, ഞാനീ പദവിയിൽ നിന്നും രാജിവെച്ച് വിരമിക്കുകയാണ്, ഐ ക്വിറ്റ്.!!”
എന്നൊക്കെ പറയണം എന്ന് കരുതി. പേടിച്ചു ചെയ്തില്ല. ഞാൻ ബക്കറ്റും ചുമന്നു കഞ്ഞി വിളമ്പാൻ പോയി.
വേറേം അപകടങ്ങൾ പതിയിരുന്നു, പേരറിയാത്തവർക്ക് ഞാൻ “കഞ്ഞിമന്ത്രി”യും “കഞ്ഞിമന്ത്രിച്ചേട്ടൻ”ഉം ഒക്കെയാണ്. വാക്കുകളുടെ അമിതോപയോഗം ഊർജ്ജനഷ്ടം വരുത്തുമെന്നോർന്നിട്ടാകണം, കാലക്രമേണയത് ലോപിച്ച് ഞാൻ വെറും “കഞ്ഞി”യായി രൂപാന്തരപ്പെട്ടു. അന്തോം കുന്തോം ഇല്ലാത്ത പിള്ളേര് വിളിക്കുന്നത് പോട്ടെന്നു വെച്ചു സഹിക്കാം. ഒരിക്കൽ, പെട്ടെന്ന് പേരുകിട്ടാതെ വന്നപ്പോൾ മന്ത്രിപ്പട്ടം ചാർത്തിത്തന്ന ടീച്ചറുടെ തിരുവായീന്നു തന്നെ “കഞ്ഞിമോനേ” എന്ന വിളി കേട്ട് കഞ്ഞിക്കലത്തിൽ വീണ പല്ലിയെപ്പോലെ ഞാൻ വെന്തുരുകി.!
വിശക്കുന്നവർക്ക് ഭക്ഷണം നൽകുകയെന്ന മഹത്കർമ്മത്തിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നോർത്ത് സ്വയം സമാധാനിപ്പിച്ച്, എതിർസ്വരങ്ങൾ അവഗണിച്ചു പിന്നെയും ഞാൻ ജോലിനിരതനായി.
ഇന്നും, വാർത്തകളിൽ “ഭക്ഷ്യമന്ത്രി” എന്നൊക്കെ കാണുമ്പോൾ എന്തോ സങ്കടം തോന്നും. പണ്ടീ പ്രയോഗം ഇല്ലായിരുന്നോ എന്നോർക്കും. ആഹാ, എന്താ എടുപ്പ്, എന്താ ഗാംഭീര്യം, “ഭക്ഷ്യമന്ത്രി”. പൊളി !! എന്നെ വിളിച്ചതോ ?! എന്തേലും ആവട്ടെ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഈ സ്കൂളിൽ ഏഴാം ക്ലാസ് വരെയേ പഠിപ്പിക്കുകയുള്ളൂ. ഏഴ് ജയിച്ചതോണ്ട് ഇനീം ഇലക്ഷനു തോൽക്കണേൽ വേറെ സ്ഥലം നോക്കാൻ പറഞ്ഞവർ റ്റീസീം തന്നു കടക്ക് പുറത്തെന്നരുളി. കൂടെയുള്ളതിൽ ഒരെണ്ണം കെട്ടുപൊട്ടിച്ചു എങ്ങോട്ടോ ഓടി രക്ഷപെട്ടു. ബാക്കി അഞ്ചെണ്ണവും കൂടി കെട്ടിപ്പിടിച്ച് അടുത്തുള്ള ഹൈസ്കൂളിൽ പിറകിലെ ഏതോ ബെഞ്ചിൽ സ്ഥാനം പിടിച്ചു . എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ മാത്രമുള്ള പുതിയ സ്കൂളിൽ ആയിരത്തഞ്ഞൂറോളം കുട്ടികളുണ്ട്. പുതിയ ലോകം, പുതിയ മനുഷ്യർ, കണ്ട് പരിചിതമല്ലാത്ത ശീലങ്ങൾ, വിദ്വേഷങ്ങൾ, ശത്രുതകൾ. “ഗ്രൗണ്ട് റിയാലിറ്റി” മനസ്സിലാക്കിയെടുക്കാൻ സമയമെടുക്കും. ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടലാണ് യുക്തി.
ആദ്യ രണ്ട് വർഷങ്ങൾ തിരഞ്ഞെടുപ്പ് വിജ്ഞാപനങ്ങളുടെ പ്രേരണകൾ ഒരു യോഗിയുടെ മനഃസ്ഥൈര്യത്തോടെ ഞാൻ വകഞ്ഞുമാറ്റി. പത്താം ക്ലാസ്സ് എത്തുമ്പോഴേക്കും പിൻകാല തോൽവികളുടെ ഹാങ്ങോവർ തീർത്തും വിട്ട് മാറി പുതിയ തട്ടിൽ ഞാൻ തികച്ചും സ്വസ്ഥനായിക്കഴിഞ്ഞിരുന്നു. ഇതിനോടകം പൊരുത്തപ്പെട്ടുകഴിഞ്ഞ ക്യാമ്പസ് സാഹചര്യങ്ങളിൽ, പത്താം ക്ലാസ്സിൽ വെച്ചിറങ്ങിയ വിജ്ഞാപനം ഞങ്ങൾ കൂടുതൽ ഗൗരവതരമായ ചർച്ചക്കെടുത്തു, പതിവുപോലെ സ്ഥാനാർത്ഥിപ്പട്ടം, കാര്യമായ സങ്കീർണതകളൊന്നും പ്രത്യക്ഷത്തിലില്ലെങ്കിലും, വല്ല്യ ആത്മവിശ്വാസമില്ലാതെ ഞാൻ ഏറ്റെടുത്തു. മാൻഡ്രേക്കിന്റെ മൊട്ടത്തലയൻ പ്രതിമ പോലെയത് എൻ്റെ കൈയ്യിലിരുന്ന് വെട്ടിത്തിളങ്ങി.!
എൻ്റെ അസ്വാസ്ഥ്യം മനസ്സിലായിട്ടാവണം, ചേർത്തുപിടിച്ചവര് പറഞ്ഞു,
“ഇജ്ജ് ബേജാറാവണ്ടെടോ, മ്മളൊക്കെയില്ലേ ?”
“പണ്ടും ഇണ്ടാരുന്നല്ലോ ? എന്നിട്ടെന്ത് പഴാ പുഴുങ്യേ ? രാഷ്ട്രീയത്തിൽ ഇത്തിരി കമ്പം ഉണ്ടെന്നു വെച്ച് എന്നെ ഒരുമാതിരി ഉണ്ണാക്കനാക്കരുത്.”
“ഇതിനുത്തരം ബാലറ്റ് പെട്ടി പറയും”
“ആരായാലും വേണ്ടില്ല, പറഞ്ഞാ മതി”
ഏതാണ്ട് ഇലക്ടറൽ കോളേജ് രീതിയിലാണ് ഹൈസ്കൂളിലെ തിരഞ്ഞെടുപ്പ്. ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധിസഭയിലെ എം.പിമാരാണ് അവരിൽ നിന്നും പ്രധാനമന്ത്രിയേയും മറ്റു വകുപ്പ് മന്ത്രിമാരേയും തീരുമാനിക്കുക. അതുകൊണ്ട് തന്നെ പ്രചാരണം എളുപ്പമാണ്, ക്ലാസ്സിൽ നിന്ന് തന്നെയേ വോട്ട് അഭ്യർത്ഥിക്കേണ്ടതുള്ളൂ..
രണ്ട് മൂന്ന് സ്ഥാനാർത്ഥികളും കൂടി കളത്തിലിറങ്ങി, പ്രചാരണം കൊഴുത്തു. എൻ്റെ ചെങ്ങാതിമാര് വെറുതേ പറഞ്ഞതല്ലെന്നു വൈകാതെ ബോധ്യപ്പെട്ടു, അവരുടെ ആത്മാർത്ഥതയിൽ സംശയം തോന്നിയതിൽ കുറ്റബോധം തോന്നി. ഞാനിങ്ങനെ നിന്നു കൊടുത്താ മതി, എനിക്ക് വേണ്ടി ക്ലാസ്സിന്റെ മുക്കിലും മൂലയിലും, ഇവിടെ വോട്ടില്ലാത്ത വേറെ ക്ലാസ്സിലും വരെ പോയവര് വോട്ട് ചോദിച്ചു. എന്തിനാണാവോ ?
“ഡാ, സംഗതി ഒക്കെ ഉഷാറായിട്ട് നടക്കുന്നുണ്ട്. എന്നാലും പെൺപിള്ളേരുടെ വോട്ട് ഇമ്പോർട്ടന്റ് ഫാക്ടർ ആട്ടാ. നീയൊരു റൗണ്ട് പെങ്കുട്ട്യോൾ എല്ലാവരോടും പോയി വോട്ട് ചോയിച്ചേ”
“അതു വേണോ ? അവരൊക്കെ ചെയ്യൂല്ലേ ? നാലഞ്ച് പേരോട് ഞാൻ പറഞ്ഞിട്ടുണ്ട്.”
“ചെയ്യും! എന്നാലും അതല്ലല്ലോ ? എല്ലാരോടും ചോദിക്കണം, ചെല്ല്”
പണ്ടേ സൗഹൃദമുള്ള കുറച്ചു പേരൊഴിച്ച്, പൊതുവെ പെൺകുട്ടികളോട് സംസാരിക്കാൻ അല്പമല്ലാത്ത അന്തർമുഖത കൗമാരമെന്നിൽ വരുത്തിയിരുന്നു. മാത്രമല്ല, സ്ഥായിഭാവം വിഷാദവും ഗൗരവവും ഒക്കെയാണ്, അതെന്റെ ജാഡയായി വിലയിരുത്തപ്പെടുന്നുണ്ടെന്നുള്ള അഭിപ്രായം പലരും പറഞ്ഞറിയാം. ആ വഴിക്ക് വോട്ട് പോകണ്ട, വോട്ട് ചോദിക്കുന്നതിൽ നാണിക്കുന്നതെന്തിനെന്നു സ്വയം ധൈര്യം പകർന്നു ഞാൻ എല്ലാവരോടും വോട്ട് അഭ്യർത്ഥിച്ചു. നിറഞ്ഞ ചിരിയോടെ തരുണീമണികളെല്ലാം എനിക്ക് വോട്ട് വാഗ്ദാനം ചെയ്തു. ഞാൻ കൃതാർത്ഥനായി, വേറെയും എന്താണ്ടെക്കെയോ ആയി.
ഊണും ഉറക്കവുമുപേക്ഷിച്ച് എനിക്ക് വേണ്ടി പ്രചാരണ പരിപാടികളിൽ വ്യാപൃതരായി നെട്ടോട്ടമോടുന്ന നാല് ആത്മാർത്ഥ സുഹൃത്തുക്കൾ. “നിനക്ക് തരാനല്ലെങ്കിൽ വ്യർഥമീ വോട്ടെനിക്കെന്തിന്” എന്ന് പാടി ഹൃദയം കുളിർപ്പിച്ച് പെൺപട. ആഹാ..!!
പ്രചാരണപരിപാടികൾക്കിടയിൽ ഒരിക്കൽ എതിർസ്ഥാനാർത്ഥി സുഹൃത്തുക്കളിലൊരാൾ എന്നോടും വോട്ട് ചോദിച്ചു. എനിക്കൊട്ടും വശപ്പിശക് തോന്നിയില്ല എന്നു മാത്രമല്ല, അപ്രതീക്ഷിതമായ് ലഭിച്ച ആ പ്രതിപക്ഷബഹുമാനം എനിക്ക് നന്നേ ബോധിച്ചു. വോട്ട് ചെയ്യാമെന്നേറ്റ് ഞാനൊരു കൂടി നിർദേശം മുന്നോട്ട് വെച്ചു,
“ഒരു കാര്യം ചെയ്താലോ ? ഞാൻ നിനക്ക് വോട്ട് ചെയ്യാം, നീയെനിക്കും. സ്വന്തം പേരിൽ തന്നെ വോട്ട് ചെയ്യുന്ന ചടപ്പ് ഒഴിവാക്കേം ചെയ്യാം, വോട്ടിലും മാറ്റം ഉണ്ടാകില്ല.”
“ഓക്കേ”
“ഷേയ്ക്ക് ഹാൻഡ്”
വോട്ടിങ്ങായി. വിജയം ഏതാണ്ടുറപ്പിച്ച ഞാൻ, ഇനിയിപ്പോ അവൻ കരാർ തെറ്റിച്ച് തിരിച്ചു വോട്ട് ചെയ്തില്ലെങ്കിലും, എൻ്റെ ഭൂരിപക്ഷം ഒരു വോട്ട് കുറയുന്നത് കണക്കാക്കാതെ അവനു തന്നെ വോട്ട് നൽകി വാക്ക് പാലിച്ചു. പാവം, തീരെ വോട്ട് കിട്ടിയില്ലെങ്കിൽ കുറച്ചിലാവില്ലേ ?
വോട്ടെണ്ണലായി. മാഷ് പെട്ടി തുറന്നു തുണ്ടുകടലാസുകൾ ഓരോന്നായി നിവർത്തി വോട്ടെണ്ണി തിട്ടപ്പെടുത്തി. ഇടയ്ക്ക് മാഷെന്നെ ഒളികണ്ണിട്ട് നോക്കിയോ? ഏയ്, തോന്നിയതാകണം. എൻ്റെ നെഞ്ചിൽ പെരുമ്പറ കൊട്ടി, നെറ്റി വിയർത്തു..
ഫലം പ്രഖ്യാപിക്കാൻ മാഷ് ഒന്നാഞ്ഞിരുന്നു. കണ്ണട കേറ്റിവെച്ച്, മുരടനക്കി ശബ്ദഭദ്രത ഉറപ്പുവരുത്തി, ആദ്യം തന്നെ എൻ്റെ പേര് വിളിച്ചു..
ഞാൻ എണീറ്റു,
“യെസ് സാർ, പറയൂ, എന്നാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ?”
“മൂന്നു വോട്ട്”
“ങ്ങേ”
പെരുമ്പറക്കൊട്ട് നിലച്ച് പള്ളിമണി മൂന്നു മുഴങ്ങി, കണ്ണിൽ ഇരുട്ട് കയറി, എവിടുന്നോ അടക്കിച്ചിരികൾ ചെറുതായിട്ട് കേൾക്കാം. ഭാരരഹിതനായി ഞാൻ, ഇരുന്നിട്ടും ഇരുന്നിട്ടും ചന്തി ബെഞ്ചിൽ മുട്ടാൻ യുഗങ്ങൾ എടുത്തു.
എന്റെയും കൂടി വോട്ടിന്റെ പിൻബലത്തിൽ, മൃഗീയ ഭൂരിപക്ഷത്തോടെ പ്രധാന എതിർസ്ഥാനാർത്ഥി വെന്നിക്കൊടി പാറിച്ചു. മത്സരാർത്ഥികൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അടക്കം ഞാൻ തികച്ചും പാർശ്വവൽക്കരിക്കപ്പെട്ടു.
തോൽവിയുടെ കനത്ത ആഘാതത്തിലുമുപരി എന്നെ അലട്ടിയത് ആ മൂന്നു വോട്ടിന്റെ കണക്കാണ്. എൻ്റെ വോട്ട് മാറ്റിനിർത്തിയാലും, ഏത് കണക്കിലും ചുരുങ്ങിയത് നാല് വോട്ട് കിട്ടേണ്ടതാണ്. ഉയിര് കൊടുത്തും കൂടെയുണ്ടെന്ന് കരുതിയവരിൽ ആരാണ് എന്നോട് ഈ പണി ചെയ്തത്.?? അറിഞ്ഞേതീരൂ..
വൈകീട്ട് ഒരുമിച്ച് കൂടി,
“സത്യം പറയണം, ആരാ ?”
“സത്യായിട്ടും ഞാനല്ല” (എല്ലാവരും)
“അമ്മയാണേ സത്യം പറ”
“അമ്മേപ്പിടിച്ച് സത്യം ചെയ്യാൻ പാടില്ലെന്നു പറഞ്ഞു”
“ആര് ?”
“അച്ഛൻ”
ഓക്കേ. ഗുഡ്.
എനിക്കറിഞ്ഞേ തീരൂ, ഇനി മനഃശാസ്ത്രപരമായി നേരിടാം.കള്ളം പറയുന്നവർ കണ്ണിൽ നോക്കില്ലത്രേ, ഇനിയിപ്പോ നോക്കിയാലും അവര് നോട്ടം വെട്ടിച്ച് കണ്ണ് താഴേയ്ക്കോ വശങ്ങളിലേക്കോ മാറ്റിക്കളയുമെന്നു ശാസ്ത്രം..
ആഹാ, ഇപ്പൊ കണ്ടുപിടിച്ചു തരാം.
ഞാൻ ചുറ്റുമുള്ളവരുടെ കണ്ണിലേക്ക് ചൂഴ്ന്നു നോട്ടമെറിഞ്ഞു.
“പറ”
അചഞ്ചലരായി എന്നെ എന്നെ നോക്കുന്ന കുറേ കണ്ണുകൾ.
എമ്മാതിരി ആക്ടിങ്..!!
ഞാൻ താഴേക്കും പിന്നെ മോളിലേക്കും നോക്കി! ഞാൻ പിന്നേം തോറ്റു..!
“നീ പറയണത് കേൾക്ക്, നമ്മൾ നാല് പേരും ചെയ്തിട്ടുണ്ട്, നീയാ ഓവർ ആക്കി കിട്ടേണ്ട ഒരെണ്ണം കൂടി കളഞ്ഞേ. മാഷിന് എണ്ണിയപ്പോ തെറ്റീതാകും”
“ഒലക്ക, ആകെക്കൂടി 50 വോട്ട്, അതിലിപ്പോ എന്ത് തെറ്റാൻ ?”
“എന്നാലും പെൺപിള്ളേരുടെ ഭാഗത്തൂന്നു ഒരൊറ്റ വോട്ട് പോലും നിനക്ക് വീണില്ലല്ലോ എന്നോർക്കുമ്പോഴാ, ദുഷ്ടകൾ!”
“മതിയെടാ നിർത്ത്”
ഞാൻ ഉരുകിത്തീർന്നുകൊണ്ടിരിക്കുകയാണ്, ഇവരോട് പോലും പറയാത്ത പ്രശ്നം ഉള്ളിൽ കിടന്നു വിങ്ങുന്നുണ്ട്. ഇല്ലാത്ത ധൈര്യം സംഭരിച്ച് ആദ്യം വോട്ട് ചോദിച്ചതും അവളോടാണ്,
ഇലെക്ഷൻ ജയിച്ചു കഴിഞ്ഞ്, സ്കൂൾ വിട്ട് വീട്ടിലേക്ക് തിരിച്ച് നടക്കുന്ന അവളുടെ കുറുകെ സൈക്കിൾ ചവിട്ടി നിർത്തി, ധ്രുവം സിനിമയിലെ മന്നാഡിയാർ സ്റ്റൈലിൽ,
“ഒരു എം.പി യുടെ കാമുകിയാവാൻ തയ്യാറാണോ ?”
എന്നൊക്കെ ചോദിക്കാൻ തിരക്കഥ വരെ മനസ്സിൽ ഒരുക്കിവെച്ചിരുന്നു. പിന്നേ, അഞ്ചു പൈസയുടെ നഷ്ടം പോലുമില്ലാതെ, എനിക്ക് ഒരു വോട്ട് ചെയ്യാൻ തയ്യാറാകാത്തവളാണ് എന്നെ പ്രണയിക്കാൻ പോണത്!. അതും വൃത്തിയായിട്ട് കൈയ്യീന്നു പോയി.
പോട്ട് പുല്ല്, ശിഷ്ടകാലം വല്ല മരച്ചോട്ടിലും ക്രിക്കറ്റും കളിച്ചു ഒതുങ്ങിക്കൂടാം.
ബാലറ്റ് പെട്ടിയിൽ നിന്ന് തുളുമ്പിത്തെറിച്ച ആ മൂന്നു വോട്ടിന്റെ കൂടെ ആ പ്രണയവും ആ ക്ലാസ് മുറികളിൽ എവിടെയോ തളം കെട്ടി കിടക്കുന്നുണ്ടാവണം, ഇനി ആ വഴി പോകുമ്പോ നോക്കണം..
ചില കൂടിച്ചേരലുകൾ എന്നെന്നേക്കുമാണ്, നമ്മൾ പോലും അറിയാതെ അത് തുടർച്ച കൈവരിക്കും. കൂട്ടും ഇഷ്ടവും താല്പര്യവും നോക്കി സ്കൂൾ തിരഞ്ഞെടുക്കാനുള്ള സാധ്യത നന്നേ നേർത്തതായിരുന്നിട്ടും, ഹൈസ്കൂൾ അഭ്യാസം കഴിഞ്ഞു “പ്ലസ് ടു”വിനു പുതിയ സ്ഥലത്തു ചേരുമ്പോൾ ക്ലാസ് മുറികൾ പലതായായെങ്കിലും നിയോഗമെന്നോണം എല്ലാ കൂട്ടുപ്രതികളും ഒരുമിച്ചുണ്ട്,
പ്രായവും അനുഭവജ്ഞാനവും കരുത്ത് പകർന്ന ബൗദ്ധിക വളർച്ച, തിരഞ്ഞെടുപ്പ് എൻ്റെ തട്ടകമല്ലെന്നും, ഞാൻ കരുതുന്നത്ര പൊതു സ്വീകാര്യത എനിക്കില്ലെന്നും സംബന്ധിച്ച വ്യക്തമായ സൂചനകൾ നൽകിയിരുന്നു.
വല്ല്യ തട്ടുകേടുകളില്ലാതെ പോകുന്നതിനിടയിൽ, രണ്ടാം വർഷാരംഭത്തിലാണ് അടച്ചുപൂട്ടിയ കട തുറക്കാനുള്ള പ്രേരണകൾ സജീവമാകുന്നത്,
“അളിയാ, നിൽക്കണം”
“നിൽക്കുവല്ലേ?”
“ചളിയടിക്കല്ലേ ! നീ ഇലക്ഷന് നിൽക്കണം”
“പോയ്ക്കോ അവിടുന്ന്, ആ പരിപാടി ഞാൻ നിർത്തി. തോൽക്കുന്നേനും ഒരു പരിധിയൊക്കെയുണ്ട്”
“എടാ, നീ ഒറ്റയ്ക്കല്ല”
“ഇത് കുറേ കേട്ടതാ, തോൽക്കുമ്പോ ഒറ്റയ്ക്കേ കാണൂ”
“അതല്ല കോപ്പേ, നമ്മൾ ഒരേ പ്രത്യയശാസ്ത്രം പിൻതുടരുന്ന ഒരു കൂട്ടം ആൾക്കാരെയാണ് ഇറക്കുന്നത്. അതിൽ ഒരാളായി നിന്നാ മതി”
“ഒരു കൂട്ടം ആൾക്കാരോ ? എന്താ ഫുട്ബോൾ ടീം സെലക്ഷനോ?”
“എല്ലാ സ്ഥാനങ്ങളിലേക്കുമായിട്ട് ഒരു പാനൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്നു, കോളേജ് ഇലക്ഷൻ ഒക്കെപ്പോലെ, വോട്ടുപിടിത്തവും പ്രചാരണവും ഒക്കെ ഈ പാനൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി ഒരുമിച്ച്. ജയിച്ചാലും തോറ്റാലും, തോൽക്കില്ല, എന്നാലും എല്ലാം ഒരുമിച്ച്”
പരിഗണിക്കാവുന്ന നിർദേശം ആണ്, ഞാൻ ആകൃഷ്ടനായി, സ്വാഭാവികമായും ആകുമല്ലോ?, എന്നാലും പെട്ടെന്നു ഒരു തീരുമാനത്തിലെത്തണ്ട.! എടുത്തുചാടി കാല് പലതവണ ഒടിഞ്ഞതാണ്, മുറിവുകൾ പലതും ഉണങ്ങിവരുന്നേയുള്ളൂ,
“എന്ത് പ്രത്യയശാസ്ത്രം ? ഞാൻ കമ്മ്യൂണിസ്റ്റ് ആട്ടാ”
“ഇത് സയൻസിസം”
“അതിനിടയ്ക്ക് അങ്ങിനേം ഒരു ഇസം തുടങ്ങിയാ? അതെപ്പാ ?”
“നമ്മൾ ബയോളജി സയൻസും കമ്പ്യൂട്ടർ സയൻസും ചേർന്നൊരു പാനൽ സ്ഥാനാർത്ഥികൾ, സയൻസ് ആണ് നമ്മുടെ പാർട്ടി”
“വേണോ..??”
“എന്ത് ആലോചിക്കാൻ ? ഇതൊക്കെയല്ലേ അതിന്റെ ഒരിത് ?”
അല്ലെങ്കിലും അതിലോലഹൃദയരെ വീഴ്ത്താൻ അല്ലെങ്കിലും എളുപ്പമാണല്ലോ? കൊണ്ടുപോയി കൊലയ്ക്ക് കൊടുക്ക്,
“ആ, എന്തേലും ആക്ക്”
“നീ ഉഷാറായിട്ട് നിൽക്ക്, ബാക്കി നമ്മളേറ്റു”
“ങ്ങാ”
തകൃതിയായി കാര്യങ്ങൾ നടന്നു,
വലിയ പ്രതീക്ഷകൾ ഇല്ലെന്നു നമ്മളെല്ലാം കള്ളം പറയുകയാണ്. ഉള്ളിൽ കുന്നോളം പ്രതീക്ഷകളും സ്വപ്നങ്ങളും താലോലിക്കുന്നുണ്ടെങ്കിലും, വീഴ്ചകളിൽ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാതിരിക്കുനുള്ള മുൻകരുതൽ മാത്രമാണത്. എനിക്കെന്നും പ്രതീക്ഷകളുണ്ട്, ആഗ്രഹങ്ങളുണ്ട്.
അത്തവണയും എന്റെ പ്രതീക്ഷകൾക്ക് നിറം വെച്ചു,
ഒന്നിൽ പിഴച്ചാൽ നാലിൽ എന്നാണല്ലോ? നമുക്ക് വന്നു ചേരാനുള്ളതെല്ലാം കാലം അതിൻ്റെ ഉള്ളംകൈയ്യിൽ ഭദ്രമായി സൂക്ഷിച്ചു നമുക്കെത്തിച്ചു തരും, കൈ നീട്ടി വാങ്ങുകേ വേണ്ടൂ.! കയ്പ്പേറിയ പിൻകാല ഓർമ്മകളുടെ പ്രേതശരീരങ്ങൾ വകഞ്ഞുമാറ്റി സമാനതകളില്ലാത്ത പ്രകടനവുമായി ഞാൻ പിന്നേം തോറ്റു, അന്തസ്സായിട്ട്.!
തുല്യ ദുഖിതർ കൂടെയുള്ളത് ആശ്വാസമാണല്ലോ ? ഒരാളൊഴിച്ച് പാനലിലെ എല്ലാവരും എനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തോറ്റുകൊടുത്തത് കൊണ്ട് എൻ്റെ വീഴ്ച്ചയുടെ വേദന ഗണ്യമായി കുറഞ്ഞെങ്കിലും, എൻ്റെ എതിർ സ്ഥാനാർത്ഥി മാത്രം വിജയികൾക്കിടയിലും ഭൂരിപക്ഷവോട്ടുകളുടെ എണ്ണത്തിൽ കൂടിയ തലയെടുപ്പോടെ നിന്നതെന്നെ തളർത്തി.
കാര്യങ്ങൾ ഏകദേശം വെളിപ്പെട്ടു തുടങ്ങി. തുടർന്നും ഹൃദയഭേദകമായ പരിക്കുകൾക്ക് അവസരം ഒരുക്കാതിരിക്കാൻ, കൂടുതൽ വീഴ്ച്ചകളിലേക്ക് നീങ്ങാതിരിക്കാൻ, ഉറച്ചതീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും തോൽവികൾ ഏറ്റുവാങ്ങാൻ “ചന്തു” ജീവിതം ബാക്കിവെക്കേണ്ടതുണ്ടോ ? വികാരങ്ങൾ വിവേകത്തെ മറികടക്കാതിരിക്കാൻ ശീലിച്ചേ തീരൂ. കരുതിയ തരത്തിൽ പൊതുസമ്മതി നേടാനുള്ള ആകർഷണീയതയും വ്യക്തിപ്രഭാവവും എനിക്കില്ലെന്നും, ആഗ്രഹങ്ങൾ അവകാശങ്ങളല്ലെന്നും, രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകളും ചതിക്കുഴികളും അടിയൊഴുക്കുകളുമറിഞ്ഞു നീന്തി കരപറ്റാനുള്ള വൈഭവം തികച്ചും അന്യമാണെന്നും തുടങ്ങി ഒട്ടനേകം തിരിച്ചറിവുകൾ വേദനയോടെ ഞാൻ അംഗീകരിച്ചു.
സർക്കാർ എനിക്ക് ഭരണഘടനാപരമായ സമ്മതിദാനവകാശം നൽകുന്നതിനും ഒരു വർഷം മുൻപേ തന്നെ, ബാലൻസ് ഷീറ്റിൽ നഷ്ടങ്ങൾ മാത്രം തന്ന ആ സംരംഭം ഞാൻ മണിച്ചിത്രത്താഴിട്ട് പൂട്ടി സീല് വെച്ചു. സ്കൂൾ തിരഞ്ഞെടുപ്പുകളുടെ പരിശീലനക്കളരികൾ തന്ന ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ ഇനി വോട്ട് മത്സരങ്ങൾക്കില്ല എന്ന് ഞാൻ തിട്ടൂരമിറക്കി നെഞ്ചത്തൊട്ടിച്ചു. ഈ തീരുമാനത്തിൽ എന്നേക്കാൾ കൂടുതൽ വിഷണ്ണരാവേണ്ടത് നിങ്ങളായിരുന്നുവെന്നു കാലം സമർത്ഥിക്കും. പിൽക്കാലത്തു, ഭരണചാരുതിയും നൈപുണ്യവും കൊണ്ട് അത്ഭുതങ്ങള് തീർക്കേണ്ടിയിരുന്ന, സമന്മാരില്ലാത്ത ഒരു നേതാവിനെയാണ് നിങ്ങൾ മുളയിലേ നുള്ളി പുച്ഛിച്ച് വലിച്ചെറിഞ്ഞത്. നികത്താനാവാത്ത ആ ശൂന്യത എല്ലാവരും അനുഭവിക്കും, വലിയ കുറ്റബോധം തോന്നും.
അങ്ങിനെ, ഇന്ത്യാ മഹാരാജ്യത്തെ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും വോട്ട് ചെയ്യുന്നതിനും ഏറെ നേരത്തേ, മനസ്സ് മടുത്താ കുരുന്ന്, നേതൃത്വ രാഷ്ട്രീയ താല്പര്യങ്ങളോട് എന്നെന്നേക്കുമായി മൊഴിചൊല്ലിപിരിഞ്ഞു.
“ഇഷ്ടമേ, വിട!.ഞാൻ നിനക്ക് ചേർന്നവനല്ല! ഇനി നിനക്ക് നിന്റെ വഴി,എനിക്ക് എന്റെ വഴി. സ്ഥാനാർത്ഥിയായി ഞാനിനി ഒരിക്കലും ഇതിലേ വരില്ല. നീ തന്നത് തോൽവികൾ മാത്രമാണെങ്കിലും, നമ്മുടെ നഷ്ടപ്രണയം ഞാനോർക്കാറുണ്ട്, അമ്മയുടെ കുടുംബശ്രീയിലെ തിരഞ്ഞെടുപ്പ് തുടങ്ങി ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഓരോ തെരഞ്ഞെടുപ്പുകളും നിന്നെ ഓർമ്മപ്പെടുത്താറുണ്ട്. എന്തിനേറെ പറയുന്നു ? അങ്ങകലെ അമേരിക്കൻ ഐക്യനാടുകളിൽ ഇലക്ഷൻ നടക്കുന്ന വാർത്തകൾ വരെ എൻ്റെ ഗതകാല സ്മരണകൾ തെല്ലുനേരത്തേക്ക് ഉണർത്തും, ഓർമ്മകളിൽ അഭിരമിച്ച് ഞാൻ നിറഞ്ഞു ചിരിക്കും ”
വോട്ടെണ്ണി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വേദിയിലും മുഖം നൽകേണ്ടതില്ലെന്നത് ഉറച്ച തീരുമാനം ആയിരുന്നു. അതിപ്പോ, നമ്മൾ പത്തുപതിനഞ്ച് പേരുള്ള നാട്ടിലെ ആർട്സ് & സ്പോർട്സ് ക്ലബ്ബിലാണെങ്കിൽ പോലും. ശിഷ്ട ജീവിതം രാഷ്ട്രീയാനുഭാവിയായും മറ്റു കൂട്ടായ്മകളിലെ സാദാ അംഗം മാത്രമായും തിരഞ്ഞെടുപ്പുകളെ നേരിടാൻ ഞാൻ ഉഗ്രശപഥം ചെയ്തു.
കോളേജ് പഠനത്തിനെത്തിയത് അക്കാദമക്സിനേക്കാൾ രാഷ്ട്രീയം ചർച്ച ചെയ്യുന്നിടത്താണ്. രാഷ്ട്രീയ കുതുകികൾക്ക് നല്ല വളക്കൂറുള്ള മണ്ണ്. പരിചയസമ്പത്തിന്റെ ആധികാരികതയിൽ പ്രലോഭനങ്ങൾക്ക് കീഴടങ്ങാതെ ഞാൻ മുന്നോട്ട് നീങ്ങി. പുതിയ ഇഷ്ടങ്ങളും ലഹരികളുമായി കാലമൊഴുകി.
സമ്മതിദാനാവകാശ വിനിയോഗത്തിലും ഒരു അനുഭാവി എന്ന നിലയ്ക്ക് എൻ്റെ അനുഭവങ്ങൾ ഒട്ടും മികച്ചതായിരുന്നില്ല. ജയിക്കുമെന്ന് എതിർചേരിയിൽ ഉള്ളവരടക്കം സമ്മതിച്ച സ്ഥാനാർത്ഥികൾ തോൽക്കുന്നു, ഇനി ഞാൻ വോട്ട് ചെയ്തതുകൊണ്ടാണോ? ഛേയ്, അത് സയൻസല്ല. അന്ധവിശ്വാസമാണ്. വോട്ട് ചെയ്യാനുള്ള ഒരവസരം പോലും ഞാൻ പാഴാക്കിയിരുന്നില്ല. പരാജയങ്ങളുടെ നീണ്ട നിരയ്ക്കൊടുവിൽ 2016-ലാണ് കേളുവേട്ടൻ മാനന്തവാടി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട് എൻ്റെ വോട്ട് ആദ്യമായ് പച്ചതൊട്ടത്.
തോൽക്കുന്നവരെ വിലകുറച്ചു കാണരുത്. ബഹുജനാഭിപ്രായം അവർക്കെതിരാണെങ്കിലും, അവരുടെ മനസ്സ് പറഞ്ഞ വഴിയിൽ അവരുടെ (മാത്രം) ശരിക്ക് വേണ്ടിയാണവണം അവര് നിലകൊണ്ടത്. രാഷ്ട്രീയപരമായും ആശയപരമായും തികച്ചും എതിർചേരിയിലാണെങ്കിൽ പോലും കെ. സുരേന്ദ്രനേയും മറ്റും ഞാൻ തോൽവികളിൽ പരിഹസിക്കാറില്ല,
“ഐ നോ ദാറ്റ് ഫീൽ ബ്രോ” 🙂